Login

About

കേരള സര്‍വോദയ സംഘം ഗാന്ധി ആശ്രമം കമ്പ്യൂട്ടര്‍ എഡ്യുക്കേഷന്‍ സെന്‍റെര്‍

വിവര സാങ്കേതിക മേഖലയില്‍ കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവര്‍ ഉള്‍പ്പെടെ ലോകത്താകമാനമുള്ള മലയാളികള്‍ക്ക് തങ്ങളുടെ മാതൃഭാഷയില്‍ തന്നെ കമ്പ്യൂട്ടര്‍ പഠിക്കാന്‍ കഴിയുകയും ഉയര്‍ന്ന ജീവിത നിലവാരത്തിലേക്ക് മാറാന്‍ കഴിയുകയും ചെയ്യുക. ശക്തമായ ധാര്‍മ്മികവും ആത്മീയവുമായ മൂല്യങ്ങള്‍ ഉളള ഒരു ജനതയെ വാര്‍ത്തെടുക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
സമയം, സ്ഥലം, ദൂരം എന്നിവയുടെ പരിധിയില്ലാതെ എല്ലാ മലയാളികളും കമ്പ്യൂട്ടര്‍ മേഖലയില്‍ അറിവ് നേടേണ്ടിയിരിക്കുന്നു. ധാര്‍മ്മിക മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുക, മാനവ വിഭവ ശേഷി വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും നമ്മുടെ സംസ്‌കാരം, പൈതൃകം, എന്നിവയുമായി യോജിച്ച് രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് സംഭാവന നല്കാന്‍ കഴിയുന്ന ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ സഹായിക്കുക എന്നതും ഞങ്ങളുടെ ദൗത്യമാണ്.
ദൗത്യം എങ്ങനെയാണ് നിറവേറ്റുക ?
1. ഞങ്ങളുടെ മൂല്യങ്ങളും അഭിലാഷങ്ങളും പങ്കിടുന്ന ഓര്‍ഗനൈസേഷനുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നു.
2. പ്രാക്ടിക്കല്‍ അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടര്‍ ക്ലാസ്സുകള്‍ നല്‍കുന്നു.
3. ലോകത്തെവിടെയിരുന്നും പഠിക്കാന്‍ കഴിയുന്ന ഒരു ഓണ്‍ലൈന്‍ മലയാളം ലേണിങ്ങ് പ്ലാറ്റ് ഫോം ഒരുക്കിയിരിക്കുന്നു.
4. ഗാസിക് കമ്മ്യൂണിററി ഗ്രൂപ്പിലൂടെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായും മറ്റും സ്ഥിരമായി ബന്ധപ്പെടുന്നതു കാരണം സ്‌നേഹ സമ്പന്നവും ഊഷ്മളവുമായ ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുന്നു.
5. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, വ്യത്യസ്തങ്ങളായ ബിസ്സിനസ്സ് സ്ഥാപനങ്ങളുമായുള്ള ആശയ വിനിമയം, സര്‍ക്കാര്‍ , അര്‍ദ്ധ സര്‍ക്കാര്‍ മേഖലയിലുള്ള തൊഴില്‍ സാധ്യതാ പഠനം, തുടങ്ങിയവയും വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സാധ്യതകള്‍ തുറന്ന് കൊടുക്കാനും ഞങ്ങള്‍ക്ക് കഴിയുന്നു.

ഇന്ത്യന്‍ ആഗോള സമ്പദ് വ്യവസ്ഥയുടെ വിവിധ മേഖലകളുടെ ആവശ്യകതകള്‍ നിറവേറ്റുന്നതിനായി വിവരസാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനുള്ള ശ്രമത്തില്‍ പങ്കാളികളാവാന്‍ ഞങ്ങള്‍ പ്രതിജ്ഞാബന്ധരാണ്.രാജ്യത്തിന്റെ ഈ ആവശ്യം നിറവേറ്റാന്‍ കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം നല്‍കുന്ന ഏറ്റവും മികച്ച സ്ഥാപനങ്ങളില്‍ ഒന്നാവാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
അറിവും ജോലിയും വേറിട്ടതല്ല എന്ന് പറയുന്ന ഒരു ആത്മീയതത്വത്തിലൂടെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്.
1937 ല്‍ മഹാത്മാഗാന്ധി അവതരിപ്പിച്ച നയീ തലീം (എല്ലാവര്‍ക്കും അടിസ്ഥാനവും വിദ്യാഭ്യാസം) ഉല്പാദനകരമായ ഏതെങ്കിലും തൊഴിലുമായി ബന്ധപ്പെടുത്തി വേണം വിദ്യാഭ്യാസം നല്‍കാന്‍, അതും മാതൃഭാഷയിലായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസം ഒരു വ്യക്തിയുടെ ധാര്‍മ്മിക വികാസമാണ്.
നയീ തലീം , അതെ ! ഈ ആത്മീയതത്വം ഇപ്പോള്‍ ‘എല്ലാവര്‍ക്കും അടിസ്ഥാന കമ്പ്യൂട്ടര്‍ വിദ്യാഭ്യാസമായി‘ മാറിയിരിക്കുന്നു, അതും മാതൃഭാഷയില്‍ത്തന്നെ. ഗാന്ധിജിയുടെ അധ്യാപനരീതിയിലൂടെ ഈ ലക്ഷ്യം കൈവരിക്കുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട്.

1988 ല്‍ കേരള സര്‍വ്വോദയസംഘം ‘സാക്ഷര കേരളം സുന്ദര കേരളം’ എന്ന ആശയത്തെ മുന്‍നിര്‍ത്തി കേരള സാക്ഷരതാ മിഷനുമായി സഹകരിച്ച് ആരംഭിച്ച ‘മലയാളം സാക്ഷരതാ’ പരിപാടികളുടെ തുടര്‍ച്ചയായി ഭാരത സേവാ സമാജവുമായി ചേര്‍ന്ന് 1989 ല്‍ ആരംഭിച്ച പദ്ധതിയാണ് കമ്പ്യൂട്ടര്‍ സാക്ഷരതാ യജ്ഞം.കേരള സര്‍വ്വോദയ സംഘം സ്ഥിതി ചെയ്യുന്ന കോഴിക്കോടുള്ള ഗാന്ധി ആശ്രമത്തിന് ഉള്ളില്‍ത്തന്നെയുള്ള ഒരു ചെറിയ കെട്ടിടത്തില്‍ ബ്ലാക്ക് ആന്റ് വൈറ്റ് മോണിറ്ററോടുകൂടിയുളള മൂന്നോ നാലോ കമ്പ്യൂട്ടറുകളോട് കൂടിയാണ് ഇത് ആരംഭിച്ചത്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്കുപോലും പഠിക്കാന്‍ കഴിയുംവിധമാണ് കോഴ്‌സുകള്‍ ആരംഭിച്ചത്.

1992 കാലഘട്ടം തൊട്ട് ഭാരതീയ സേവസമാജത്തില്‍ നിന്ന് വേര്‍പ്പെട്ട് കേരള സര്‍വ്വോദയ സംഘം നേരിട്ട് കോഴ്‌സുകള്‍ നടത്താന്‍ ആരംഭിച്ചു. സാധാരണ ജനങ്ങള്‍ക്ക് ഏറ്റവും താഴ്ന്ന ഫീസില്‍ കോഴ്‌സുകള്‍ ലഭിക്കാന്‍ വേണ്ടിയായിരുന്നു ഈ നീക്കം. അതിനായി ‘ഗാന്ധി ആശ്രമം എജുക്കേഷന്‍സെന്റര്‍’ എന്ന് നാമകരണം ചെയ്യുകയും നടത്തിപ്പിനായി ശ്രീ. അക്തറിനെ ഏല്‍പ്പിക്കുകയും ചെയ്തു. കൃത്യതയാര്‍ന്ന സിലബസ്സുകളിലൂടെയും, ശാസ്ത്രീയമായ പഠനങ്ങളിലൂടെയും അദ്ദേഹം സെന്ററിന്റെ പ്രവര്‍ത്തനത്തെ കൂടുതല്‍ ഫലപ്രദമാക്കി, സര്‍വ്വോദയ സംഘവുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും 20% ഫീസ് ഇളവ് അനുവദിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും, വിഗലാംഗര്‍ക്കും 25% ഫീസും ഇളവും ഈ കാലഘട്ടത്തിലാണ് പ്രാബല്യത്തില്‍ വന്നത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാന്‍ വേണ്ടി സര്‍വ്വോദയ സംഘം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഈ കാലഘട്ടത്തില്‍ കഴിയുമായിരുന്നു.

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ കോഴ്‌സുകള്‍ തുടങ്ങുകയും ഏറെ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കുകകൂടി ചെയ്തു. കുട്ടികള്‍ക്കും മുതിര്‍ന്ന പ്രായക്കാര്‍ക്കും, സ്ത്രീകള്‍ക്കും തുടങ്ങി എല്ലാവര്‍ക്കും ഉതകുന്ന രീതിയിലുള്ള കോഴ്‌സുകള്‍ ഈ കാലഘട്ടത്തിലാണ് ആരംഭിച്ചത്. വീടുകളില്‍ ചെന്ന് കുടുംബാങ്കങ്ങളോടൊപ്പം ഇരുന്ന് കമ്പ്യൂട്ടര്‍ പഠിപ്പിക്കുന്ന രീതിയും ഈ കാലഘട്ടത്തില്‍ ഉണ്ടായിരുന്നു. കമ്പ്യൂട്ടറുകള്‍ക്ക് വരുന്ന കേടുപാടുകള്‍ മാറ്റുന്നതിനും ഈ സമയത്ത് സാധാരണക്കാര്‍ ആശ്രയിച്ചിരുന്നത് ഈ സ്ഥാപനത്തെ തന്നെയായിരുന്നു. ഏകദേശം എട്ടോളം കളര്‍ മോണിറ്ററോടുകൂടിയ കമ്പ്യൂട്ടറുകള്‍ പിന്നീട് വാങ്ങുകയുണ്ടായി.

2000 കാലഘട്ടത്തിലെത്തിയപ്പോഴത്തേക്കും കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം വാണിജ്യവല്‍ക്കരിക്കപ്പെട്ടുവന്നിരുന്ന കാലഘട്ടത്തിലേക്ക് കടന്നിരുന്നു. ഏറെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വളരെ ഉയര്‍ന്ന ഇന്‍ഫ്രാസ്‌ട്രെക്ച്ചറോടുകൂടി വരുകയും ചെയ്തു. കമ്പ്യൂട്ടര്‍ സാക്ഷരത എന്നതില്‍ നിന്ന് വളര്‍ന്ന് പ്രൊഫഷണല്‍ ജോലികളിലേക്ക് കമ്പ്യൂട്ടര്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യകത വളരുകയും ചെയ്തു. വളരെ കുറഞ്ഞഫീസിലും, ഇന്‍ഫ്രാസ്‌ട്രെക്ച്ചറിലും സ്ഥാപനം മുന്നോട്ട് കൊണ്ടുപോകുവാനുള്ള പ്രയാസം ശ്രീ. അക്തര്‍ അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം സര്‍വ്വോദയ സംഘം സ്ഥാപനത്തിന്റെ നടത്തിപ്പ് ശ്രീ. ഷിനൂപിനെ ഏല്‍പ്പിക്കുകയും ചെയ്തു.

ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നിലവില്‍ ഉണ്ടായിരുന്ന സി.ആര്‍.ടി. മോണിറ്ററുകള്‍ എല്ലാം മാറ്റുകയും 8 കമ്പ്യൂട്ടറുകള്‍ എന്നത് മാറ്റി 12 കമ്പ്യൂട്ടറുകള്‍ ആക്കി എല്‍.സി.ഡി. മോണിറ്ററുകള്‍ സ്ഥാപിച്ചു. ഒരാള്‍ക്ക് ഒരു കമ്പ്യൂട്ടര്‍ എന്ന രീതിയിലുളള പഠനം ഈ കാലഘട്ടത്തിലാണ് ആരംഭിച്ചത്. കേരള സര്‍വ്വോദയ സംഘം അഡ്മിനിസ്റ്റേറ്റര്‍ ബാബുരാജിന്റെ നിര്‍ദ്ദേശപ്രകാരം സ്ഥാപനം പുതുക്കി പണിയുകയും എ.സി. ക്ലാസ്സ്‌റൂമുകളാക്കുകയും ചെയ്തു.

2012 ല്‍ കമ്പ്യൂട്ടര്‍ സെന്ററിന്റെ മാനേജറായി വന്ന ശ്രീ. സത്യന്‍ സെന്ററിന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം നേടി എടുക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. ഈ സമയത്താണ് പഠനത്തോടൊപ്പം സ്റ്റൈപ്പന്റ് എന്ന ആശയം നിലവില്‍ വന്നത്. ഒരു വര്‍ഷത്തെ കോഴ്‌സ് ആയ കമ്പ്യൂട്ടര്‍ ടീച്ചേഴ്‌സ് ട്രെയിനിങ്ങിനാണ് സ്റ്റൈപ്പന്റ് അനുവദിക്കുന്നത്. കോഴ്‌സ് സര്‍ട്ടിഫിക്കറ്റിനോടൊപ്പം, ഇന്റേണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് കൂടി കൊടുക്കുന്ന നടപടികള്‍ തുടങ്ങി. മുതിര്‍ന്ന പ്രായക്കാര്‍ക്ക് ഓര്‍മ്മക്കുറവിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് കാരണം മറ്റ് സ്ഥാപനങ്ങള്‍ അവരെയൊക്കെ ഒഴിവാക്കുമെന്ന് തിരിച്ചറിഞ്ഞതിനാല്‍ അവര്‍ക്ക് ഒരു പ്രത്യേക പരിഗണന കൊടുത്തു അവര്‍ക്ക് 10% ഫീസിളവ് അനുവദിക്കാനും സ്ഥാപനം തീരുമാനിച്ചു.

ഉയര്‍ന്ന വിദ്യാഭ്യാസത്തിനും ജോലിക്കും വേണ്ടി മക്കളും കുടുംബാംഗങ്ങളും ദൂരെ മാറിതാമസിക്കുന്നതിനാല്‍ ജീവിത്തിന്റെ അവസാന സായന്തനങ്ങളില്‍ എത്തിനില്‍ക്കുന്ന പ്രായമായവര്‍ക്ക് ഏകാന്തതയുടെ നിമിഷങ്ങളെ മറക്കാന്‍ സഹായിക്കാന്‍ ഈ വിദ്യാഭ്യാസസ്ഥാപനത്തിന് കഴിയുന്നതിനാല്‍ ഇതിന്റെ പ്രഥമലക്ഷ്യങ്ങളില്‍ ഒന്ന് നിറവേറ്റുവാന്‍ നമ്മള്‍ക്ക് ആകുന്നു എന്ന് സ്ഥാപനത്തിലെ ഓരോ ടീച്ചര്‍മാര്‍ക്കും അഭിമാനത്തോടെ പറയാന്‍ കഴിയുന്നുണ്ട്. പൂര്‍വ്വവിദ്യാര്‍ഥികളുടെ ഒരു യൂണിറ്റ് ഉണ്ടാക്കുകയും എല്ലാ വര്‍ഷവും ഒരുമിച്ച് ഒരുദിവസം മുതിര്‍ന്നവരെയും, മറ്റ് വിദ്യാര്‍ത്ഥികളും ചേര്‍ത്ത് ഉല്ലാസ യാത്ര നടത്തുന്നതും പരസ്പര സ്‌നേഹത്തിന്റെ മൂല്യം കുട്ടികളില്‍ പകര്‍ന്നുനല്‍കാന്‍ സഹായിക്കുന്നു.

2015 ല്‍ ശ്രീമതി ഷീജയുടെ നേതൃത്വത്തില്‍ തുടങ്ങിയ മള്‍ട്ടിമീഡിയ അനിമേഷന്‍ വിങ്ങ് സ്ഥാപനത്തിന്റെ പ്രശസ്തി ഒരുപടി കൂടി മുന്നോട്ട് നയിച്ചു. ടീച്ചഴ്‌സ് കോഴ്‌സിന് എന്നപോലെ മള്‍ട്ടിമീഡിയ കോഴ്‌സിനും ഇന്റേണ്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും സ്റ്റൈപ്പന്റും നല്‍കാന്‍ ആരംഭിച്ചു.

2017 ല്‍ കേരളസര്‍ക്കാര്‍ അസാപ്പ് ഇന്റേണ്‍ഷിപ്പ് സെന്റര്‍ ആയി അംഗീകരിച്ചു. 2020 ആകുമ്പോഴേക്കും 300 ല്‍ കൂടുതല്‍ ആനിമേഷന്‍ വിദ്യാര്‍ഥികള്‍ക്ക് ആനിമേഷന്‍ ഇന്റണ്‍ഷിപ്പ് നല്‍കാന്‍ സാധിച്ചു.

2019 ല്‍ കേരള സര്‍വ്വോദയ സംഘം കമ്പ്യൂട്ടര്‍ എജുക്കേഷന്‍ സെന്ററില്‍ ഡി.സി.എ. കോഴ്‌സ് നടത്താന്‍ സര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. കേരള പി. എസ്.സി. പരീക്ഷകള്‍ക്ക് അനുയോജ്യമായ കേരളസര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ ഡി.സി.എ. കോഴ്‌സുകള്‍ക്ക് ലഭിക്കും. തുടങ്ങിയ ആദ്യ ബേച്ചില്‍ തെന്നെ 3ാം റാങ്ക് കരസ്ഥമാക്കാനും സാധിച്ചു.

2020 ല്‍ ഒരു പ്ലേസ്‌മെന്റ് സെല്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാന്‍ ഇത് ഏറെ സഹായകരമായി.

2020 ഏപ്രില്‍ മാസത്തില്‍ ലോകത്ത് എവിടെ ഇരുന്നും ഏത് സമയത്തും, ഏത് ദിവസവും മലയാളത്തില്‍ കമ്പ്യൂട്ടര്‍ പഠിക്കാനും സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും ഓണ്‍ലൈന്‍ ലേണിങ്ങ് പ്ലാറ്റ് ഫോം ഒരുക്കിയിരിക്കുകയാണ്. കേരളത്തില്‍ ആദ്യമായാണ് ഇത്തരം ഒരു വെബ്‌സൈറ്റ് ആരംഭിക്കുന്നത്.

About GACEC

കേരളത്തിലെ കമ്പ്യൂട്ടർ വിദ്യാഭ്യാസത്തിന്‍റെ ആവശ്യകത നിറവേറ്റുക എന്ന ലക്ഷ്യത്തോടെ 1989 ലാണ് കേരള സര്‍വോദയ സംഘം ഗാന്ധി ആശ്രമം കമ്പ്യൂട്ടർ എഡ്യുക്കേഷന്‍ സെന്‍റെര്‍ സ്ഥാപിതമാക്കിയത്. കേരളത്തിലെ കോഴിക്കോട് ഉള്ള സെന്റർ വഴി 5000 ത്തിലധികം വിദ്യാർത്ഥികൾക്ക് വിജയകരമായി പരിശീലനം നൽകി.

Who’s Online

There are no users currently online
top
Developed by Nova iT Park
WhatsApp chat
X